സൗജന്യ പെൻഷൻ പ്രീമിയം

സൗജന്യ പെൻഷൻ പ്രീമിയം

കേരള പ്രവാസി ക്ഷേമ ബോര്‍ഡ്  നടത്തുന്ന പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് പ്രതിമാസ അംശാദായം (പ്രീമിയം) പ്രവാസി  ചിട്ടിയില്‍ ചേരുന്നവര്‍ക്ക് വേണ്ടി കെ.എസ്.എഫ്.ഇ അടയ്ക്കുന്ന സ്‌കീം ആണിത്.

ഈ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ പ്രവാസിചിട്ടിയിൽ ചേർന്ന് കൃത്യമായി മാസ തവണ അടച്ചാൽ മാത്രം മതിയാകും. ചിട്ടിയുടെ കാലയളവ് വരെ പെൻഷന്റെ അംശാദായം കെ.എസ്.എഫ്.ഇ അടയ്ക്കുന്നതാണ്. ചിട്ടി തീർന്നതിന് ശേഷം 60 വയസ്സ് ആകുന്നത് വരെ പെൻഷൻ ലഭിക്കേണ്ട ആൾ തന്നെ തുടർന്ന് പ്രീമിയം അടയ്ക്കേണ്ടതാണ്. 10000 രൂപയോ അതിൽ കൂടുതലോ മാസതവണ സംഖ്യയുള്ള ചിട്ടികളിൽ ചേരുന്നവർക്കായിരിക്കും പെൻഷൻ സ്കീമില്‍ അംഗമാകാനുള്ള അവസരം ലഭിക്കുന്നത്.

പെൻഷൻ ചിട്ടിയിൽ ചേരുന്നതിനു മുൻപ് അംഗമാകാൻ ആഗ്രഹിക്കുന്നവർ കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. നിലവിൽ കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ പ്രീമിയം അടയ്ക്കുന്നവർക്ക് പ്രവാസി ചിട്ടിയിൽ ചേർന്നാൽ ചിട്ടി തീരുന്നതു വരെ തുടർന്നുള്ള പ്രീമിയം കെ.എസ്.എഫ്.ഇ അടയ്ക്കുന്നതാണ്.

60 വയസ്സ് പൂർത്തിയായതിന് ശേഷം പെൻഷൻ ലഭിച്ചുതുടങ്ങും. 59 വയസ്സിൽ പദ്ധതിയിൽ അംഗമാകുന്നയാൾക്ക് 64 വയസ്സ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കുന്നതാണ്.

പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന അംഗം മരണപ്പെടുകയാണെങ്കിൽ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് (ഭാര്യ, ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ, അവിവാഹിതയായ മകൾ, ആശ്രിതയായ അമ്മ, ആശ്രിതനായ പിതാവ്) കുടുംബപെൻഷന് അർഹതയുണ്ട്. മരണപ്പെട്ട അംഗത്തിന് അർഹമായ മാസപെൻഷന്റെ അൻപത് ശതമാനത്തിനു തുല്യമായ തുക കുടുംബാംഗത്തിന് പെൻഷനായി ലഭിക്കും.

ഈ പദ്ധതിയിൽപങ്കാളിയാകാൻ ചിട്ടിയിൽ ചേരുമ്പോൾ തന്നെ പെൻഷനോ നിലവിലുള്ള പത്തുലക്ഷം രൂപ വരെയുള്ള ബാധ്യത എഴുതിത്തള്ളുന്ന ആനുകൂല്യമോ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം. പെന്‍ഷന്‍ സൗകര്യം തെരഞ്ഞെടുത്ത ചിറ്റാള്‍ നമ്പറിൽ, ബാധ്യത എഴുതിത്തള്ളുന്ന ആനുകൂല്യം ലഭിക്കുന്നതല്ല. എന്നാൽ ഒരിക്കൽ പെൻഷൻ സൗകര്യം എടുത്തിട്ട് മറ്റൊരു ചിട്ടിയിൽ കൂടി ചേർന്നാൽ അതിൽ ബാധ്യത എഴുതിത്തള്ളുന്ന ആനുകൂല്യം ലഭിക്കുന്നതാണ്.

60വയസിന് ശേഷം ചെറുതെങ്കിലും ഒരു സുസ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ പ്രവാസി ചിട്ടിയിൽ ചേർന്നാൽ മാത്രം മതിയാകും. ചിട്ടിതുകയും ചിട്ടിയുടെ ലാഭവും പൂർണമായും ചേരുന്ന ആളിനു ലഭിക്കും. ഒപ്പം സൗജന്യമായി പെൻഷനിൽ ചേരാനുള്ള അവസരവും.

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി

സമ്പാദ്യത്തോടൊപ്പം നാടിന്റെ വികസനത്തിലും പങ്കാളികളാകുക.

ഇന്ന് തന്നെ അംഗമാകുക